വേലിക്കകത് , തിരുവനന്തപുരം-33 0471 2316045

മറയൂർ വനങ്ങളിലെ ചന്ദനക്കൊള്ളക്കെതിരെ പ്രതിപക്ഷ നേതാവായിരിക്കെ വിഎസ് ശക്തമായ നിലപാട് എടുത്തിരുന്നു.  സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെ പരിസ്ഥിതി നശീകരണത്തിനും പ്രകൃതി ചൂഷണത്തിനും കയ്യേറ്റങ്ങള്‍ക്കും എതിരെ വിഎസ് നടത്തിയ പോരാട്ടങ്ങളുടെ അവസാനത്തെ അദ്ധ്യായമായിരുന്നു, പിന്നീട് മൂന്നാര്‍ ഓപ്പറേഷന്‍ എന്ന് വിളിക്കപ്പെട്ട നടപടികള്‍.

ഒരു ഭരണകൂടത്തിന് പാരിസ്ഥിതിക വിഷയങ്ങളില്‍ എന്ത് ചെയ്യാനാവും എന്ന് പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്താല്‍, ജനങ്ങള്‍ പിന്നീടും അത്തരം നടപടികള്‍ ഭരണകൂടങ്ങളില്‍നിന്ന് ഡിമാന്‍റ് ചെയ്യും.  മൂന്നാറില്‍ നടന്ന ഓപ്പറേഷന്‍ അതായിരുന്നു.  വിവിധ തലങ്ങളില്‍ നിരന്തരം നിയമലംഘനങ്ങള്‍ നടത്തി മൂന്നാറിന്‍റെ പ്രകൃതിയെയും കാലാവസ്ഥയെയും തകിടംമറിക്കുന്ന റിയല്‍ എസ്റ്റേറ്റ് കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് കടിഞ്ഞാണിടാനായിരുന്നു, വിഎസ്സിന്‍റെ ശ്രമം.  ഒപ്പം, കുത്തക കമ്പനികളുടെ തേയിലത്തോട്ടങ്ങളില്‍ അടിമസമാനമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്വന്തമായി ഒരു വാസസ്ഥലമുണ്ടാക്കുകയും, നവീന മൂന്നാറിനു വേണ്ടിയുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുകയും വേണമെന്ന് തീരുമാനിച്ചു.  "മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും, നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളയുന്നതിനും" വേണ്ടിയായിരുന്നു, പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചത്.  പന്തീരായിരത്തോളം ഏക്കര്‍ കയ്യേറ്റം ഒഴിപ്പിച്ചെടുക്കുകയും നൂറോളം അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുകളയുകയും ചെയ്തു.  ആ ദൗത്യത്തിന് ജനങ്ങളും ഇന്ത്യയിലെ മാധ്യമങ്ങളും നല്‍കിയ പിന്തുണ ജനാധിപത്യ ഭരണകൂടങ്ങള്‍ക്കുള്ള ഒരു സൂചനയായിരുന്നു.  ഏലത്തോട്ടങ്ങള്‍ വെട്ടിമാറ്റി റിസോര്‍ട്ടുകള്‍ കൃഷി ചെയ്യുന്നത് എപ്രകാരമാണ് ഒരു ഭൂവിഭാഗത്തെ ബാധിക്കുന്നത് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു.  പക്ഷെ, ആ പ്രക്രിയക്ക് തുടര്‍ച്ചയുണ്ടായില്ല എന്നത് ഖേദകരമാണ്.  ഭൂപരിഷ്കരണ നിയമത്തിന്‍റെ സത്ത സംരക്ഷിക്കുന്നതിനും ഭൂസ്വാമിമാരെ നിലയ്ക്കു നിര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സമാനതകളില്ലാത്ത മുന്നേറ്റമായിരുന്നു, അത്.