അടിമുടി സമരമുഖമാണ് വി എസ് എന്ന യൗവ്വനം. സ്വാതന്ത്ര്യത്തിനും തൊഴിലാളിവര്‍ഗ്ഗ വിമോചനത്തിനും സോഷ്യലിസ്റ്റ്-ജനപക്ഷ മൂല്യങ്ങള്‍ക്കും വേണ്ടി നിലകൊണ്ട സമരങ്ങളാണ് വി എസിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലുകള്‍.
അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍
വി എസിന്‍റെ പോരാട്ടവേദികള്‍ വിവിധങ്ങളായിരുന്നു. ജനങ്ങളെ സംഘടിപ്പിച്ചുള്ളതായിരുന്നു ഒന്ന്. ഏതാണ്ട് 35 വര്‍ഷം നീണ്ട പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തില്‍ നിയമസഭ മറ്റൊരു പോര്‍ക്കളമായിരുന്നു. ജനങ്ങളുടെ നീതിക്കുവേണ്ടി വി എസ് നീതിന്യായവ്യവസ്ഥയെ പരമാവധി പ്രയോജനപ്പെടുത്തി. അഴിമതി, പെണ്‍വാണിഭം, ഭൂമിതട്ടിപ്പ് തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെ നിയമയുദ്ധത്തിന്‍റെ ദശബ്ദങ്ങള്‍ തന്നെ വി എസിന്‍റെ പൊതുജീവിതത്തിന്‍റെ ഭാഗമാണ്. മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ പ്രതിയായ പാമോലീന്‍ ഇറക്കുമതി കുംഭകോണകേസ്, മന്ത്രിയായിരുന്നയാള്‍ അഴിമതി നടത്തിയ കുറ്റത്തിന് ജയിലില്‍ അടയക്കപ്പെട്ട ഇടമലയാര്‍കേസ്, കോളിളക്കം സൃഷ്ടിച്ച ഐസ്ക്രീംപാര്‍ലര്‍ കേസ് തുടങ്ങി അദ്ദേഹത്തിന്‍റെ നിയമയുദ്ധങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. ഈ പോരാട്ടത്തില്‍ എടുത്തുപറയത്തക്ക പ്രത്യേകതകള്‍; കാലവിളംബത്തിന്‍റെ മടുപ്പില്‍ പിന്‍തിരിഞ്ഞു പോകാറില്ല. സത്യം തെളിയും വരെ നിരന്തരമായി പിന്‍തുടര്‍ന്നു. ആത്മാര്‍ത്ഥത ഈ നിയമപോരാട്ടങ്ങളുടെ പ്രത്യേകതയാണ
പാമോലീന്‍ കേസ്
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോലിൻ ബാരലിന് 392.25 അമേരിക്കന്‍ ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍, പാമോലിൻ ബാരലിന് 495 അമേരിക്കന്‍ ഡോളറിന് വാങ്ങി എന്നതാണ് ആദ്യത്തെ ആരോപണം. ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശം കരാറില്‍ പാലിച്ചില്ല. കരാര്‍ ഉറപ്പിച്ചതിനുശേഷമാണ് വില നിശ്ചയിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴിയാണ് ഇറക്കുമതി ചെയ്തത്. മന്ത്രിസഭ തീരുമാനം എടുക്കും മുമ്പേ ഇടപാടുകള്‍ പൂര്‍ത്തിയായിരുന്നു.
ഭക്ഷ്യഎണ്ണ ക്ഷാമം അനുഭവപ്പെടുന്ന സംസ്ഥാനങ്ങള്‍ അത് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചുകൊണ്ട് 1991 നവംബര്‍ 6 ന് കേന്ദ്രസര്‍ക്കാരിന്‍റെ സര്‍ക്കുലര്‍ ഉണ്ടായിരുന്നു. ഇതിന്‍റെ മറവിലാണ് പാമോലീന്‍ ഇറക്കുമതി നടന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കുലറിലെ മുഴുവന്‍ വ്യവസ്ഥകളും ലംഘിച്ചായിരുന്നു.
ഇറക്കുമതിക്ക് ടെണ്ടര്‍ വിളിക്കണം, ഇടപാട് ഇന്ത്യന്‍ രൂപയില്‍ ആയിരിക്കണം, അനിവാര്യമെങ്കില്‍ മാത്രമേ ഇടനിലകമ്മീഷന്‍ കൊടുക്കാവൂ. കൊടുക്കുകയാണെങ്കില്‍ തന്നെ 15% കവിയരുത്. 1956 ലെ ഭക്ഷ്യസുരക്ഷാനിയമം അനുസരിച്ചുള്ള ഗുണനിലവാര പരിശോധന ഉറപ്പാക്കല്‍ എന്നിവയായിരുന്നു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. ഈ നിര്‍ദ്ദേശങ്ങളെല്ലാം പാടേ ലംഘിച്ചുകൊണ്ടാണ് ഇറക്കുമതി നടന്നത്.
1996 ലെ എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായത്. 1998 നവംബര്‍ 23 ന് കേസ് രജിസ്റ്റര്‍ ചെയ്തു. 2001 മാര്‍ച്ച് 21 ന് കുറ്റപത്രം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തു. എന്നാല്‍, കേസിന്‍റെ വിചാരണ പത്തൊമ്പത് വര്‍ഷമായിട്ടും ആരംഭിച്ചിട്ടില്ല.
ഈ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ, അതിന് തടയിടാന്‍ സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധങ്ങളായിരുന്നു. കേസിലെ ഒന്നാംപ്രതി മുന്‍ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നു. ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ, ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു, ഭക്ഷ്യവകുപ്പ് സെക്രട്ടറി പി ജെ തോമസ്, സിവില്‍ സപ്ലൈസ് മാനേജിംഗ് ഡയറക്ടര്‍ ജിജിതോംസണ്‍ എന്നിവരായിരുന്നു മറ്റു പ്രതികള്‍.
എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തതോടെ പ്രതികള്‍ കേസ് ഇല്ലാതാക്കാനുള്ള നിയമയുദ്ധങ്ങള്‍ ആരംഭിച്ചു. അതിനെതിരെയുള്ള നിയമയുദ്ധം വി എസ്സും ആരംഭിച്ചു. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയുമായി കെ കരുണാകരന്‍ ഹൈക്കോടതിയെ സമീപിച്ചതായിരുന്നു ആദ്യ യുദ്ധം. പക്ഷേ, കരുണാകരന്‍റെ അപേക്ഷ ഹൈക്കോടതി തള്ളി. കരുണാകരന്‍ അതിനെതിരെ അപ്പീല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തി. ഇതോടൊപ്പം പമോലീന്‍കേസ് പിന്‍വലിക്കുക എന്ന ഹര്‍ജിയുമായി അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ കോടതിയില്‍ എത്തി. കരുണാകരന്‍റെ ഹര്‍ജിയില്‍ 2007 ആഗസ്റ്റില്‍ സുപ്രീംകോടതി വിചാരണ സ്റ്റേചെയ്തു. 2011 ല്‍ കേസ് പുനരാരംഭിച്ചു. ഈ കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി എസ് വിജിലന്സ് കോടതിയെ സമീപിച്ചു. ഇറക്കുമതി നടന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു ധനകാര്യമന്ത്രി എന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈ ഇടപാടില്‍ പങ്കാളിത്തമുണ്ടായിരുന്നു വെന്നുമായിരുന്നു വി എസിന്‍റെ വാദം. കുറ്റപത്രത്തില്‍ സാക്ഷിയായിരുന്നു ഉമ്മന്‍ചാണ്ടി. അത് അപര്യാപ്തമാണെന്ന് വി എസ് വാദിച്ചു. വി എസ്സിന്‍റെ വാദം അംഗീകരിച്ചുകൊണ്ട് വിജിലന്‍സ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷേ, അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ വിധി പറഞ്ഞു. അങ്ങനെ കേസ് വിചാരണ കോടതിയിലേക്ക് മടങ്ങി. പക്ഷേ, വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.
കേരളത്തില്‍ മുന്‍മുഖ്യമന്ത്രി പ്രതിയായ ഒരു അഴിമതി കേസ് ആദ്യമായിരുന്നു. ഈ ഇടപാടിലെ അഴിമതി വെളിപ്പെട്ട 1994 ലെ സി എ ജി റിപ്പോര്‍ട്ട് വന്നതുമുതല്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാന്‍ വി എസ് നിരന്തരമായി നിയമസഭയിലും, അതിനുശേഷം തിരുവനന്തപുരം വിജിലന്‍സ് കോടതി മുതല്‍ സുപ്രീംകോടതി വരെ പോരാടുകയാണ്. ഏതാണ്ട്, കാല്‍നൂറ്റാണ്ട് പിന്നിടുകയാണ് വി എസിന്‍റെ ഈ ധര്‍മ്മയുദ്ധം.
ഇടമലയാര്‍ കേസ്
ഇടമലയാര്‍കേസില്‍ 2011 ഫെബ്രുവരിയിലെ സുപ്രീംകോടതി വിധി പുതിയ ചരിത്രമായിരുന്നു. മന്ത്രിയായിരുന്ന ഒരാള്‍ ഭരണത്തിലിരുന്നു അഴിമതി നടത്തിയതിനു കോടതിവിധിപ്രകാരം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നത് കേരളത്തില്‍ ആദ്യ സംഭവമാണ്. കേരളരാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പാഠവും മുന്നറിയിപ്പുമായിരുന്നു അതെന്ന വിശേഷണവും ഉണ്ടായി. രാഷ്ട്രീയക്കാരെ, ഈ പാഠം പഠിപ്പിച്ചത് വി എസ്സിന്‍റെ അശ്രാന്തപരിശ്രമഫലയമായിരുന്നു. ഇടമലയാര്‍ അണക്കെട്ടിന്‍റെ ടണല്‍, ഷാര്‍ജ്ഷാഫ്റ്റ് എന്നിവയുടെ നിര്‍മ്മാണ കരാര്‍ തുക അനാവശ്യമായി വര്‍ദ്ധിപ്പിച്ചതു വഴി വൈദ്യുതി ബോര്‍ഡിന് 36 കോടി രൂപയോളം നഷ്ടമായി എന്നതായിരുന്നു കേസ്. 1985 ജൂലായ് 15 ന് ട്രയല്‍ റണ്‍ നടത്തിയതോടെ, റിസര്‍വോയറില്‍ നിന്നും പവര്‍ഹൗസിലേക്കുള്ള ടണലില്‍ പൊട്ടല്‍, ചോര്‍ച്ച എന്നിവ കണ്ടെത്തിയതോടെ വിവാദം ഉയര്‍ന്നു.
കരാര്‍തുക ടണലിന്‍റേത് എസ്റ്റിമേറ്റ് തുകയുടെ 188 ശതമാനവും, ഷാര്‍ജ്ഷാഫ്റ്റിന്‍റേത് 166 ശതമാനവും ഉയര്‍ത്തിയാണ് കരാര്‍ കൊടുത്തത്. കുറഞ്ഞ തുക കോട്ട് ചെയ്ത മറ്റു കരാറുകാരെ പരിഗണിച്ചില്ല. വൈദ്യുതബോര്‍ഡിന്‍റെ ഈ പദ്ധതിയുടെ കരാറില്‍ തീരുമാനം എടുത്തത്, ബോര്‍ഡായിരുന്നില്ല വൈദ്യുതിമന്ത്രിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ള ആയിരുന്നു എന്നാണ് കണ്ടെത്തല്‍. നിയമസഭയുടെ പൊതുമേഖലാസ്ഥാപനങ്ങളെ സംബന്ധിച്ച സമിതി പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും, ആരോപണങ്ങള്‍ ശരിവെയ്ക്കുകയും ചെയ്തു. 1985 ല്‍ ഫെബ്രുവരി 21 ന് നല്‍കിയ ആ റിപ്പോര്‍ട്ടില്‍ ജുഡീഷ്യല്‍ അന്വേഷണം ശുപാര്‍ശ ചെയ്തു. ഡിസംബര്‍ 21 ന് ജസറ്റീസ് സുകുമാരനെ അന്വേഷണ കമ്മീഷനായി നിയമിച്ചു.
ഈ ഘട്ടത്തിലാണ് വി എസ് ഇടപെട്ടു തുടങ്ങിയത്. ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ കേസ് വാദിക്കുന്നതിന് അഡ്വ.കല്ലടസുകുമാരനെ വി എസ് ചുമതലപ്പെടുത്തി. കമ്മീഷന്‍ ആക്ഷേപങ്ങള്‍ ശരിവെയ്ക്കുകയും, റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, എസ് പി യുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. രണ്ടരവര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം എറണാകുളം പ്രത്യേക കോടതി അവസാന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒന്നാംപ്രതി ആര്‍ ബാലകൃഷ്ണപിള്ള, വൈദ്യുതിവകുപ്പ് സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ബോര്‍ഡ് ചെയര്‍മാന്‍ രാമഭദ്രന്‍നായര്‍ തുടങ്ങി 22 പ്രതികള്‍. ഈ കേസിന്‍റെ പിന്നാലെ വി എസ് നിലകൊണ്ടു. കേസ് വിചാരണ തുടങ്ങാനിരിക്കെ ഗോപാലകൃഷ്ണപിള്ള കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. അദ്ദേഹത്തിന്‍റെ നീക്കത്തിന്‍റെ ആഴം മനസ്സിലാക്കിയ വി എസ് ആ കേസില്‍ കക്ഷി ചേര്‍ന്നു. അവസാനം വി എസ്സിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഈ ഹര്‍ജിയുടെ കാലതാമസം മൂലം അഞ്ചുവര്‍ഷം കേസ് വൈകിപ്പിച്ചു. 95 ഡിസംബര്‍ 14 ന് കുറ്റപത്രം കോടതിയിലെത്തി. നാല് വര്‍ഷം നീണ്ട വിചാരണ. 99 നവംബര്‍ 10 ന് ചരിത്രം കുറിച്ച വിധി. ആര്‍ ബാലകൃഷ്ണപിള്ള, പി കെ സജീവ് (കോണ്‍ട്രാക്ടര്‍) രാമഭദ്രന്‍നായര്‍ എന്നിവര്‍ക്ക് അഞ്ചുവര്‍ഷം തടവ്, പതിനായിരം രൂപ പിഴ. പിള്ള ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വി എസ് കക്ഷിചേര്‍ന്നു. പക്ഷേ, വിധി പിള്ളക്ക് അനുകൂലമായി.
യു ഡി എഫ് ഗവണ്‍മെന്‍റ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍പോയി. വി എസ് സ്പെഷ്യല്‍ ലീവ് പെറ്റീഷനുമായി സുപ്രീംകോടതിയെ സമീപിച്ചു. ശിക്ഷശരിവെയ്ക്കണമെന്നായിരുന്നു ആവശ്യം. ഏഴു കൊല്ലം വി എസ് നിയമയുദ്ധം ചെയ്തു. 2011 ഫെബ്രുവരി 10 ന് സുപ്രീംകോടതി വിധി വന്നു. വി എസ്സിന്‍റെ വാദം അംഗീകരിച്ചു. പിള്ളക്ക് ജയില്‍ശിക്ഷ. അഞ്ചുവര്‍ഷം എന്നത് പ്രായം കണക്കിലെടുത്ത് ഒരു വര്‍ഷമായി ചുരുക്കി. പ്രത്യേക ജുഡീഷ്യല്‍ അന്വേഷണം, പ്രത്യേകകോടതി വിചാരണ, ഹൈക്കോടതിയില്‍ വിവിധ ഹര്‍ജികള്‍, ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി, സുപ്രീംകോടതിയില്‍ അപ്പീല്‍ എന്നിങ്ങനെ കേസിന്‍റെ പടവുകള്‍ ഏറെയായിരുന്നു. പ്രശസ്തനായ അഡ്വക്കറ്റ് ശാന്തിഭൂഷനാണ് വി എസ്സിനുവേണ്ടി ഹാജരായത് (അതും സൗജന്യമായി). വിധി പറഞ്ഞതാവട്ടെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സദാശിവം. ഈ ചരിത്രവിധിക്ക് 20 വര്‍ഷത്തെ പോരാട്ടം.
ബാർ കോഴ കേസ്
ബാറുകൾ അനുവദിക്കുന്നതിൽ ശ്രീ കെ എം മാണി അഴിമതി നടത്തി എന്ന കേസ് ആണ് ബാർകോഴ കേസ് ആയി അറിയപ്പെടുന്നത്. അഴിമതിക്കെതിരായ വി എസ് അച്യുതാനന്ദന്റെ മറ്റൊരു പോരാട്ട വിജയമാണ് 2015 നവംബർ 10 ന് ധനമന്ത്രിസ്ഥാനത്തു നിന്നുള്ള കെ എം മാണിയുടെ രാജി. വിവാദത്തിന്റെ കൊടുങ്കാറ്റ ് ഉയര്ത്തിയ ബാർ കോഴ കേസാണ് വി എസ ് ഏതാണ്ട് ഒരു വര്ഷം മുന്നില് നിന്ന് നയിച്ചത്. അതിന്റെ പര്യവസാനമായിരുന്നു കെ എം മാണിയുടെ രാജി. 2014 നവംബറില് ബാർ ഹോട്ടല് ഓണേഴ്സ് അസോസിയേഷന് വര്ക്കിങ്ങ് പ്രസിഡന്റ് ബിജുരമേശ് ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ ആണ് ആദ്യമായി ആരോപണം ഉയര്ത്തിയത്. അക്കാലത്ത് സംസ്ഥാനത്ത് പൂട്ടികിടന്ന ഏകദേശം 400 ബാറുകള് തുറക്കാന് സഹായിക്കാമെന്നും അതിനായി 5 കോടി രൂപ നല്കണമെന്നും കെ എം മാണി ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം. അതോടൊപ്പം, ഇതിന്റെ ഭാഗമായി ഒരു കോടി രൂപ കെ എം മാണിയുടെ വീട്ടില് കൊണ്ടുപോയി കൊടുത്തു എന്നും ആരോപിക്കപ്പെട്ടു. ഈ ആരോപണം വന്നതിനെ തുടര്ന്ന് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ സംസ്ഥാന വിജിലന്സിന് പരാതി നല്കി. വിജിലന്സ് പ്രാഥമിക അന്വേഷണം (ക്വിക് വെരിഫിക്കേഷന്) നടത്തി എഫ് ഐ ആര് രജിസ്റ്റര് ചെയ്യുകയും ചെയ്തു. എന്നാൽ, 2015 ജൂലായില് വിജിലന്സ് കോടതിയില് സമര്പ്പിച്ച അന്വേഷണ റിപ്പോര്ട്ടില് തെളിവില്ല എന്നു പറഞ്ഞ് കെ എം മാണിയെ കുറ്റവിമുക്തനാക്കി. ഇതിനെതിരെ വി എസ് വിജിലന്സ് കോടതിയെ സമീപിച്ചു. സര്ക്കാരിന്റെ ഈ നിലപാട് അംഗീകരിക്കരുത് എന്നായിരുന്നു വി എസിന്റെ ആവശ്യം. കെ എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്സ് റിപ്പോര്ട്ട് തള്ളണമെന്നും, വീണ്ടും അന്വേഷിക്കാന് ഉത്തരവിടണമെന്നും വി എസ ് ഹര്ജിയില് അഭ്യര്ത്ഥിച്ചു. വി എസിന്റെ ഹര്ജി അനുവദിച്ച വിജിലന്സ് കോടതി കേസ ് വീണ്ടും അന്വേഷിക്കാൻ ഉത്തരവിട്ടു. 2015 ഒക്ടോബര് 29 നായിരുന്നു നിര്ണ്ണായകമായ വിജിലന്സ് കോടതിയുടെ വിധി. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി ഹൈക്കോടതിയെ സമീപിച്ചു. ഹര്ജി പരിഗണിച്ച ഹൈക്കോടതി മാണിയുടെ ഹര്ജി തള്ളി. മാത്രവുമല്ല, അന്വേഷണം തുടരട്ടെ എന്നും, അന്വേഷണം നടക്കുമ്പോള് കെ എം മാണി മന്ത്രിയായി തുടരണമോ എന്നത് അദ്ദേഹത്തിന്റെ മനസാക്ഷിക്ക് വിടുന്നു എന്നും സീസറിന്റെ ഭാര്യ സംശയത്തിന് അതീതമായിരിക്കണം എന്നുമുള്ള പരാമര്ശം നടത്തുകയും ചെയ്തു. 2015 ല് നവംബർ 9 നായിരുന്നു ഈ ഹൈക്കോടതി വിധി. പിറ്റേന്ന് കെ എം മാണി മന്ത്രിസ്ഥാനത്തു നിന്ന് രാജിവെയ്ക്കുകയും ചെയ്തു. ഹൈക്കോടതിയിൽ കേസ് തുടരുന്നതിനീടയിലാണ് ശ്രീ കെ എം മാണി നിര്യാതനാകുന്നത്. ഈ കേസിന്റെ പ്രാധാന്യം മറ്റൊന്നാണ്. രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള അഴിമതിക്കേസുകൽ അന്വഷിക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിയമത്തിനെതിരെക്കുടിയായിരുന്നു വി എസ്സിന്റെ നിയമപോരാട്ടം.
മൈക്രോഫൈനാന്‍സ് തട്ടിപ്പ്
എസ് എന്‍ ഡി പി യോഗം നടത്തിവരുന്ന മൈക്രോഫൈനാന്‍സ് പദ്ധതിയില്‍ സാമ്പത്തികക്രമക്കേടുക്കള്‍ക്കെതിരെ വി എസ് നിയമയുദ്ധത്തിലാണ്. പിന്നോക്ക സമുദായ വികസനകോര്‍പ്പറേഷന്‍, ഏതാനും ബാങ്കുകള്‍ എന്നിവയില്‍ നിന്നായി പതിനഞ്ചുകോടി രൂപ മുതല്‍ 5 ശതമാനം വരെ പലിശയ്ക്ക് എടുത്തിരുന്നു. ഈ പണത്തില്‍ വലിയൊരു ഭാഗം ഉയര്‍ന്ന പലിശയ്ക്ക് പദ്ധതിക്കുവെളിയില്‍ വായ്പ കൊടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. വലിയ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തില്‍ വി എസ് മാത്രമാണ് നിയമനടപടിക്ക് മുന്‍കൈയെടുത്തത്. അദ്ദേഹം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ 2016 ജൂലായില്‍ ഹര്‍ജി സമര്‍പ്പിച്ചു. വെള്ളാപ്പള്ളി നടേശന്‍, ഡോ എം എന്‍ സോമന്‍, കെ കെ മഹേഷ് (അടുത്തിടെ അദ്ദേഹം മരിച്ചു) നജീബ്, ദിലീപ് എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. കേസ് തുടരുകയാണ്.
പന്തല്ലൂര്‍ക്ഷേത്ര ദേവസ്വംഭൂമി കേസ്
പന്തല്ലൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സമരങ്ങളും ഒരര്‍ത്ഥത്തില്‍ തീര്‍ത്തും പ്രാദേശികമാണ്. മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ എന്ന ഗ്രാമത്തിലെ ഒരു ക്ഷേത്രം. പന്തല്ലൂര്‍ ഭഗവതിക്ഷേത്രത്തിന്‍റെ അധീനതയിലുണ്ടായിരുന്ന എഴുനൂറില്‍ പരം ഏക്കര്‍ വനഭൂമി അന്ന് ക്ഷേത്രത്തിന്‍റെ ഊരാളനായിരുന്ന കോഴിക്കോട് സാമൂതിരിപ്പാടില്‍ നിന്ന് ബലന്നൂര്‍ പ്ലാന്‍റേഷന്‍സ് എന്ന സ്ഥാപനം പാട്ടിത്തിനെടുത്തു. അന്നുമുതല്‍ അവരവിടെ തോട്ടവിളകള്‍ കൃഷി ചെയ്യുന്നു. പാട്ടക്കാലാവധി 2003 ല്‍ അവസാനിച്ചു. പക്ഷേ, അവര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ദേവസ്വം ഇത് തിരിച്ചാവശ്യപ്പെട്ടു. പക്ഷെ, കമ്പനി അത് ഗൗനിച്ചില്ല. അന്ന് ഏ കെ ആന്‍റണിയായിരുന്നു മുഖ്യമന്ത്രി. മാണി റവന്യൂമന്ത്രിയും. ഭൂപരിഷ്കരണ നിയമം വന്നതു മുതല്‍ ഇവര്‍ പാട്ടവും നല്‍കിയിട്ടില്ല. അങ്ങനെയാണിത് ഒരു പൊതുവിഷയമായി ഉയര്‍ന്നുവന്നത്. ക്ഷേത്രസംരക്ഷണ സമിതി അടക്കമുള്ളവര്‍ നിയമത്തിന്‍റെ വഴി തേടി. പക്ഷേ, ഫലമുണ്ടായില്ല. ആ സന്ദര്‍ഭത്തിലാണ് അന്ന് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ഈ വിഷയം ഏറ്റെടുക്കുന്നത്. അങ്ങനെയാണ് പന്തല്ലൂര്‍ ഭൂമി വിഷയം കോടതിയുടെ മുന്നിലെത്തുന്നത്. 2018 ജൂണിലെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ദേവസ്വത്തിന് ഭൂമി തിരികെ കിട്ടുന്നത്. നിരവധി വര്‍ഷം വേണ്ടി വന്ന ഈ പരിശ്രമത്തില്‍ വി എസിന്‍റെ ഇടപെടല്‍ നിര്‍ണ്ണായകമായിരുന്നു. 2007 ഒക്ടോബര്‍ 30 ന് വി എസ് അവിടെയെത്തി. ദേവസ്വം അധികൃതര്‍ സമരസന്നദ്ധരായിരുന്നു. അവരുടെ നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്താണ് വി എസ് മടങ്ങിയത്. തുടര്‍ന്നുള്ള സമരത്തിനും നിയമയുദ്ധത്തിനും പ്രോത്സാഹനവും മാര്‍ഗ്ഗനിര്‍ദ്ദേശവും വി എസിന്‍റേതായിരുന്നു. ഭൂമി തിരികെ കിട്ടിയപ്പോഴുള്ള ആഘോഷത്തിലേക്ക് ക്ഷേത്രദേവസ്വം വി എസിനെ ക്ഷണിച്ചുകൊണ്ടുപോയി ആദരിച്ച ചടങ്ങുമുണ്ടായിരുന്നു.
ഭൂമിയെ സംബന്ധിച്ചും ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചു കേരളം ആര്‍ജ്ജിച്ച കാഴ്ച്ചപ്പാടുകളുണ്ട്. എന്നാല്‍, ഭൂമി കയ്യേറാനുള്ളതാണ് എന്ന വിപണി സംസ്കാരത്തിനെതിരെയാണ് വി എസ് നിയമപോരാട്ടം നടത്തിയത്. ഒരു കുത്തക പത്രകുടുംബത്തിന് കൈയ്യേറാനുള്ളതല്ല പൊതുമുതല്‍ എന്നതായിരുന്നു വി എസിന്‍റെ നിലപാട്. അവസാന വിജയം വി എസിന്‍റേതായിരുന്നു
കോവളം കൊട്ടാരം
കേന്ദ്രസര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഐ ടി ഡി സിയുടെ അശോക ഹോട്ടല്‍ 2002ല്‍ വാജ്പെയി സര്‍ക്കാര്‍ സ്വകാര്യവ്യക്തിക്ക് വിറ്റതോടെയാണ് കോവളം കൊട്ടാരവും അതിനോടനുബന്ധിച്ചുള്ള ഹോട്ടലും ജനശ്രദ്ധയിലേക്ക് എത്തുന്നത്. 2001-06 കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ വി എസ് അച്യുതാനന്ദന്‍റെ ഇടപെടലുകളോടെയാണ് കോവളം കൊട്ടാരത്തിന്‍റെ വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയം വീണ്ടും മാധ്യമ പൊതുജനശ്രദ്ധയിലേക്ക് വരുന്നത്. കൊട്ടാരം വില്‍ക്കരുതെന്ന് ആവശ്യം ഉന്നയിച്ച് വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി വാജ്പെയിക്കും, കേരള മുഖ്യമന്ത്രി എ കെ ആന്‍റണിക്കും കത്തയിച്ചിരുന്നു. എന്നാല്‍, രണ്ടു സര്‍ക്കാരുകളും വിഷയത്തില്‍ കാര്യബോധത്തോടെയുള്ള തീരുമാനം കൈക്കൊണ്ടില്ല.
2004 ല്‍ വി എസിന്‍റെ ഇടപെടലുകളുടെ ഫലമായി സംസ്ഥാന സര്‍ക്കാര്‍ കൊട്ടാരം ഏറ്റെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോയതോടെ കോവളം കൊട്ടാര വിഷയം കോടതിയുടെ പരിഗണനയിലേക്ക് എത്തുകയായിരുന്നു.
മതികെട്ടാൻ വനഭൂമി കൈയ്യേറ്റം
ഇടുക്കിയിലെ മതികെട്ടാനില്‍ അയ്യായിരത്തില്‍പ്പരം ഏക്കര്‍ കാട് കയ്യേറിയതുമായി ബന്ധപ്പെട്ട ആരോപണം ഉയിച്ചത് വി.എസ്. ആണ്. ആന്‍റണി മന്ത്രി സഭയില്‍ കെ. സുധാകരനായിരുന്നു വനമന്ത്രി. കാട്ടിലൂടെ മണിക്കൂറുകള്‍ യാത്ര ചെയ്ത് വി.എസ് കൈയ്യേറ്റങ്ങള്‍ ലോകത്തിന്‍റെ മുന്‍പില്‍ തുറന്നു കാട്ടി പിന്നീട് വി.എസ് നടത്തിയ ഇടപെടലുകളുടെ ഫലമായി വനഭൂമി സംരക്ഷിക്കപ്പെടുകയും ആ പ്രദേശമാകെ മതികെട്ടാൻ മല സർക്കാർ ദേശിയോദ്യാനമായി പ്രഖ്യാപിക്കേണ്ടതായും വന്നു
സൈന്‍ബോര്‍ഡ് അഴിമതി.
1998ല്‍, കൊച്ചി നഗരത്തില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതിലെ അഴിമതി സംബന്ധിച്ച് വിഎസ് ആക്ഷേപമുന്നയിച്ചു. പ്രമാദമായ കേസായിരുന്നെങ്കിലും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആ കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ബ്രഹ്മപുരം കേസ്.
ബ്രഹ്മപുരം താപവൈദ്യുത നിലയവുമായി ബന്ധപ്പെട്ട് 71 കോടി രൂപയുടെ അഴിമതി നടന്നു എന്ന ആരോപണം ആദ്യമായി നിയമസഭയില്‍ ഉന്നയിച്ചത് 1995ല്‍ വിഎസ്സായിരുന്നു. സഭയ്ക്ക് പുറത്തും വിഎസ് ആരോപണം ആവര്‍ത്തിച്ചു. ശ്രീ. സി.വി. പത്മരാജന്‍ മാനനഷ്ടക്കേസ് കൊടുത്തെങ്കിലും കോടതി അത് ചെലവ് സഹിതം തള്ളുകയായിരുന്നു.
ലോട്ടറി കേസ്
ലോട്ടറി കേസില്‍ വി എസ് അച്യുതാനന്ദന്‍റെ ഇടപെടല്‍ തുടങ്ങുന്നത് 2003 മുതലാണ്. വ്യാജ ലോട്ടറി വില്‍പ്പന മൂലം നശിച്ച നിരവധി കുടുംബങ്ങളുടെ വേദനയാണ് ലോട്ടറി മാഫിയകള്‍ക്കെതിരെ പോരാടാന്‍ വി എസിനെ പ്രേരിപ്പിച്ചത്. ആന്‍റണി സര്‍ക്കാരിന്‍റെ കാലത്ത് അന്യസംസ്ഥാന ഓണ്‍ലൈന്‍ ലോട്ടറി കച്ചവടം തഴച്ചുവളര്‍ന്നതോടെ 5000 കോടിയുടെ നഷ്ടമാണ് നികുതിയിലൂടെ മാത്രം കേരളത്തിന് ഉണ്ടായത്. പാവപ്പെട്ടവന്‍റെ നെഞ്ചത്തടിക്കുന്ന ഓണ്‍ലൈന്‍ വ്യാജലോട്ടറി സംവിധാനങ്ങളെ കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ വി എസ് ശക്തമായി പോരാടി. ലോട്ടറി തട്ടിപ്പില്‍ അകപ്പെട്ട് ആത്മഹത്യയുടെ വക്കില്‍ നിന്നും നിരവധി സാധാരണക്കാരാണ് വി എസിന്‍റെ ഒറ്റയാള്‍ പോരാട്ടം മൂലം ആശ്വാസതീരത്തിലേക്ക് എത്തപ്പെട്ടത്.