വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ
കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗ-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം വി എസ് എന്ന വി എസ് അച്യുതാനന്ദന്‍റെ ജീവിതചരിത്രം കൂടിയാണ്. ജനകീയ രാഷ്ട്രീയനേതാവും ജനപക്ഷരാഷ്ട്രീയ പ്രവര്‍ത്തകനും ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമാണ് അദ്ദേഹം. കേരള സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍, സി പി ഐ എമ്മിന്‍റെ സ്ഥാപകനേതാവ്, പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന ഘടകം സെക്രട്ടറി, ദേശാഭിമാനി പത്രാധിപര്‍, നിരവധി പുരോഗമന ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ നായകത്വം തുടങ്ങി എണ്ണമറ്റ പദവികള്‍ ഉള്‍പ്പെട്ട എട്ടുപതിറ്റാണ്ടോളം നീണ്ട സാമൂഹ്യ രാഷ്ട്രീയ ജീവിതമാണ് വി എസിന്‍റേത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അദ്ദേഹം കയര്‍ ഫാക്ടറി തൊഴിലാളികളുടെ നേതാവും പിന്നീട് കര്‍ഷകത്തൊഴിലാളികളുടെ സമരനായകനുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെന്നത് ജീവന്‍ നഷ്ടപ്പെടാന്‍ പോലും കാരണമായേക്കാമായിരുന്ന അക്കാലത്ത് കൊടിയ മര്‍ദ്ദനങ്ങളും ജയില്‍ശിക്ഷയും അദ്ദേഹം അനുഭവിച്ചു.
ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി 1923 ഓക്ടോബര്‍ 20 നായിരുന്നു വി എസിന്‍റെ ജനനം. നാലാംവയസില്‍ അമ്മയും, പതിനൊന്നാം വയസില്‍ അച്ഛനും മരിച്ചതോടെ അച്യുതാനന്ദന്‍ പന്ത്രണ്ടാം വയസില്‍ ജ്യേഷ്ഠന്‍ ഗംഗാധരന്‍റെ ഒപ്പം തയ്യല്‍ക്കടയില്‍ സഹായിയായി.
സമരഭരിതം
ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായ വി എസ് 1939-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൊഴിലാളികളുടെ പ്രശ്നങ്ങളും വര്‍ഗസമരരാഷ്ട്രീയത്തോടുള്ള അടുപ്പവും വി എസിനെ 1940ല്‍ പതിനേഴാം വയസില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയില്‍ അംഗമാക്കി. സഖാവ് പി കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശമനുസരിച്ച് വി എസ് കുട്ടനാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. കയര്‍, കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവകാശ-സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് സജ്ജരാക്കുകയുമായിരുന്നു വി എസിന്‍റെ ചുമതല.
പുന്നപ്ര-വയലാര്‍
തിരുവിതാംകൂര്‍ നാട്ടുരാജ്യത്തെ, സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാക്കാതെ, സ്വതന്ത്രരാജ്യമായി നിലനിര്‍ത്തുകയും അവിടെ څഅമേരിക്കന്‍ മോഡല്‍چ ഭരണസമ്പ്രദായം കൊണ്ടുവരുകയും ചെയ്യുന്നതിനെതിരെ സംഘടിത തൊഴിലാളി പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയപ്രക്ഷോഭമായിരുന്നു പുന്നപ്ര-വയലാര്‍. ആ ഐതിഹാസിക പ്രക്ഷോഭത്തിന്‍റെ നായകനായിരുന്നു വി എസ് അച്യുതാനന്ദന്‍. ഉത്തരവാദിത്വ ഭരണത്തിനായി പ്രക്ഷോഭം തുടരവെയാണ് രാജഭരണവും ദിവാന്‍ സി പി രാമസ്വാമിഅയ്യരും സ്വതന്ത്രരാജ്യത്തിനും ഏകാധിപത്യഭരണത്തിനും കോപ്പുകൂട്ടിയത്. ഇതിനെ എന്തുവിലകൊടുത്തും ചെറുക്കുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. അന്നത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ്സ്, നിര്‍ണ്ണായകഘട്ടത്തില്‍ പിന്‍വലിഞ്ഞു എങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രക്ഷോഭത്തില്‍ തുടര്‍ന്നു. ഈ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും പ്രക്ഷോഭത്തെയും അടിച്ചമര്‍ത്താനുള്ള നീക്കം ആരംഭിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ സായുധമായി വേട്ടയാടാന്‍ തുടങ്ങി. ഇതോടെ, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ പ്രവര്‍ത്തകര്‍ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് പ്രതിരോധത്തിനായി വോളന്‍റിയര്‍ ക്യാമ്പുകള്‍ ആരംഭിച്ചു. അവയുടെ ഏകോപന ചുമതലയും പ്രവര്‍ത്തകരെ സമരസജ്ജമാക്കുകയും ചെയ്യുന്ന ബൃഹത്തായ ചുമതല വി എസ് അച്യുതാനന്ദനായിരുന്നു. അവരെ ആശയപരമായി ശക്തിപ്പെടുത്തുക, വാരിക്കുന്തം പോലെയുള്ള നാടന്‍ ആയുധങ്ങളുടെ പ്രയോഗപരിശീലനം തുടങ്ങിയവ യാണ് ക്യാമ്പുകളില്‍ നടന്നത്. വിമുക്ത ഭടډാരുടെ സേവനം ചെറുത്തുനില്‍പ്പിനായുള്ള പരിശീലനത്തിനു ക്യാമ്പുകളില്‍ പ്രയോജനപ്പെടുത്തി.
1946 ഒക്ടോബര്‍ 23 ന് ആയിരക്കണക്കിനു വാളണ്ടിയര്‍മാര്‍ പുന്നപ്ര- പറവൂര്‍ പൊലീസ്-പട്ടാള ക്യാമ്പിലേക്ക് മാര്‍ച്ചു ചെയ്തു. യന്ത്രതോക്ക് ഉപയോഗിച്ച് ഏകപക്ഷീയമായി വെടിവെച്ചുകൊണ്ടാണ് ദിവാന്‍ ഭരണം മാര്‍ച്ചിനെ നേരിട്ടത്. നൂറുക്കണക്കിന് സമരഭടډാര്‍ മരിച്ചു. തുടര്‍ന്ന്, ഒക്ടോബര്‍ 25 ന് മാരാരിക്കുളം, ഓക്ടോബര്‍ 27 ന് മേനാശ്ശേരി, ഒളതല, വയലാര്‍ എന്നിവിടങ്ങളിലും നൂറുക്കണക്കിനു സഖാക്കളെ ദിവാന്‍ പട്ടാളം വെടിവെച്ചുകൊന്നു. ഈ വിധം ആയിരത്തില്‍പരം സമരഭടര്‍ രക്തസാക്ഷിത്വം വരിച്ച സമരമായിരുന്നു പുന്നപ്ര-വയലാര്‍. പ്രക്ഷോഭത്തെ ചോരയില്‍ മുക്കിയെങ്കിലും സി പി രാമസ്വാമി അയ്യര്‍, ഏകാധിപത്യ ഭരണമോഹം ഉപേക്ഷിച്ച്, ദിവാന്‍സ്ഥാനം രാജിവെച്ച് സ്വദേശത്തേക്കു മടങ്ങേണ്ടി വന്നു. തിരുവിതാംകൂറിനെ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാക്കുന്നതായി രാജഭരണത്തിനു പ്രഖ്യാപിക്കേണ്ടതായും വന്നു. വി എസ്, തന്‍റെ പതിനഞ്ചാംവയസില്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നുകൊണ്ട് സ്വതന്ത്ര്യസമരത്തിന്‍റെ ഭാഗമായി. കയര്‍ഫാക്ടറിയില്‍ ജോലി ചെയ്യവെ, തന്‍റെ സഹതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന്, കുട്ടനാട്ടില്‍ എത്തി കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിനു രൂപം നല്‍കി. അതിനുശേഷം, അമ്പലപ്പുഴ താലൂക്ക് മേഖലയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച വി എസ് നാനാവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ചു ശക്തരാക്കി. അവരെ ദേശാഭിമാനബോധമുള്ള ഉത്തമപൗരډാരുടെ ബോധനിലവാരത്തിലെത്തിക്കുന്നതില്‍ വി എസ് പ്രത്യേകം ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചു. അങ്ങനെ സ്വതന്ത്ര്യപ്രസ്ഥാനത്തില്‍ അവരെ അണിനിരത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പുന്നപ്ര-വയലാര്‍ പ്രക്ഷോഭം വലിയ ജനകീയമുന്നേറ്റമായത് ഈ പ്രവര്‍ത്തനത്തിന്‍റെ ഫലമായിട്ടായിരുന്നു. സാധാരണ തൊഴിലാളികളെ സംഘടിതരാക്കി ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ അണിനിരത്തി. കമ്മ്യൂണിസ്റ്റ്പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായി വളര്‍ത്തി നാടിന്‍റെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ അണിചേര്‍ത്തു എന്നതാണ് പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിലേക്കും അതുവഴി തിരുവിതാംകൂറിന്‍റെ സ്വാതന്ത്ര്യത്തിലേക്കും നയിച്ചത്. മഹത്തായ ഈ ദേശാഭിമാന സമരമുന്നേറ്റത്തിന്‍റെ പടനായകനായിരുന്നു വി എസ് അച്യുതാനന്ദന്‍.
പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ ഭാഗമായി 1946 ഓക്ടോബര്‍ 28 ന് പൊലീസ് പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍ കൊടിയ മര്‍ദ്ദനം ഏറ്റു. തോക്കിന്‍റെ ബയണറ്റ് കാല്‍വെള്ളയില്‍ തുളച്ചിറക്കി, കാലുകള്‍ ജയിലഴികള്‍ക്കിടയില്‍ കെട്ടിവെച്ചു കാല്‍പാദങ്ങള്‍ തല്ലിപ്പൊളിച്ചു. മരിച്ചെന്ന് കരുതി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകവരെ ചെയ്തു. പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ പേരില്‍ വി എസ് മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു.
മൂലധനത്തിന്‍റെ ചൂഷണ നിയമങ്ങള്‍ തിരുവിതാംകൂറിലാണ് താരതമ്യേന നേരത്തെ വരികയും, ശക്തിപ്പെടുകയും അദ്ധ്വാനശക്തികള്‍ക്കെതിരായ ആക്രമണം നടത്തുകയും ചെയ്തത്. മലബാറില്‍ ഭൂമിക്കുവേണ്ടി സമരം ചെയ്തവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വന്നതെങ്കില്‍ തിരുവിതാംകൂറില്‍ തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്നവര്‍ ഇന്ത്യന്‍ യൂണിയനും, വോട്ടവകാശത്തിനും ഉത്തരവാദിത്വഭരണത്തിനും വേണ്ടി അമേരിക്കന്‍ മോഡല്‍ അറബിക്കടലില് എന്ന മുദ്രവാക്യവുമായി കമ്മ്യൂണിസ്റ്റുകാരാവുകയായിരുന്നു.
സാമൂഹ്യഉല്‍പ്പാദന പ്രക്രിയയായി കാര്‍ഷികോല്‍പ്പദാനം മാറണം. സാമൂഹ്യ ഉല്‍പ്പാദന വ്യവസ്ഥയെ രാജ്യത്തിനു വേണ്ടത് എന്ന രീതിയില്‍ കൃഷി മാറിത്തീരേണ്ടതുണ്ട്. അതിനാലാണ്, ക്ലിപ്തമായി ഭൂമിയെ തരംതിരിച്ചിട്ടുള്ളത്. അതൊരു സാമൂഹ്യ ബോധമാണ്. അതിനാലാണ്, കൃഷിഭൂമി തരം മാറുന്നതിനെതിരെ കര്‍ഷകത്തൊഴിലാളികള്‍ രംഗത്തുവരുന്നത്. കരിവെള്ളൂര്‍ സമരത്തിന്‍റെ പശ്ചാത്തലം അതായിരുന്നു. സമൂഹത്തിനാവശ്യമുള്ള ഒരു ഉല്‍പ്പാദനോപാധി വികൃതമാക്കപ്പെടുമ്പോള്‍, കമ്മ്യൂണിസ്റ്റുകാര്‍ അതിനെ ചെറുക്കുക തന്നെ ചെയ്യും. റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യക്കാര്‍ ഭൂമികയ്യേറി റിസോര്‍ട്ട് നിര്‍മ്മിക്കുമ്പോള്‍, അതിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ വി എസിനെ പ്രേരിപ്പിച്ചതും ഇതേ വികാരമാണ്.
പുന്നപ്ര-വയലാര്‍ സമരം കേരളത്തില്‍ നടന്ന ഏറ്റവും ശക്തമായ സ്വതന്ത്ര സമര പ്രക്ഷോഭമായിരുന്നു. തൊഴിലാളികളുടെ 27 ഡിമാന്‍റുകളില്‍ പ്രമുഖമായത് അമേരിക്കന്‍ മോഡല്‍ ഭരണം വേണ്ട എന്നതും ഉത്തരവാദിത്വ ഭരണം വേണമെന്നതും പ്രായപൂര്‍ത്തി വോട്ടവകാശം വേണമെന്നതുമെല്ലാമായിരുന്നു. അതായത്, പുന്നപ്ര-വയലാര്‍ സമരം ഒരു രാഷ്ട്രീയ സമരമായിരുന്നു. അത് സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വ ദാസډാര്‍ക്കും എതിരായ യുദ്ധപ്രഖ്യാപനമായിരുന്നു.
തന്‍റെ രാഷ്ട്രീയജീവിതത്തിന്‍റെ ഭാഗമായി വി എസ് അഞ്ചുവര്‍ഷവും എട്ടുമാസവും ജയില്‍ജീവിതവും, നാലരവര്‍ഷം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ മൂന്നുവര്‍ഷത്തെ ശിക്ഷക്ക് ശേഷം 1963 ല്‍ ചൈനചാരന്‍ എന്ന പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടു. ഒരു വര്‍ഷം നീണ്ട ജയില്‍വാസം. പിന്നീട്, 1975 ല്‍ അടിയന്തിരാവസ്ഥയെ തുടര്‍ന്ന് 20 മാസം ജയില്‍ വാസം അനുഭവിച്ചു.
തൊഴിലാളി സംഘടനാപ്രവര്‍ത്തനം
ആസ്പിന്‍വാള്‍ കമ്പനിയിലെ കയര്‍ത്തൊഴിലാളിയെന്ന നിലയിലെ ജീവിതവും പിന്നീട്, കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലെ സംഘടനാപ്രവര്‍ത്തനവുമാണ് വി എസ് എന്ന തൊഴിലാളിവര്‍ഗ നേതാവിന് ജډം നല്‍കിയത്. പതിറ്റാണ്ടുകള്‍ നീണ്ട അനുഭവ പരിചയവും ഉറച്ച നിലപാടുകളും വി എസിനെ ഇന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും തലമുതിര്‍ന്ന ട്രേഡ് യൂണിയനിസ്റ്റ് നേതാവാക്കി മാറ്റിയിരിക്കുന്നു.
കര്‍ഷകത്തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എന്നും വി എസ് ഉണ്ടായിരുന്നു. ഭൂപരിഷ്കരണം നടപ്പിലാക്കാന്‍ വലിയ പ്രക്ഷോഭങ്ങള്‍ വേണ്ടിവന്നു. അവ കര്‍ഷകസമരങ്ങളുടെ നാടായ ആലപ്പുഴ നിന്നും നയിച്ചത് വി എസ് ആയിരുന്നു.
രാഷ്ട്രീയ ജീവിതം-സംഘടനാപ്രവര്‍ത്തനം
1940-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിയ വി എസ് 1952 ല്‍ പാര്‍ട്ടിയുടെ ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി. 1956 മുതല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. 1957 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പറായി. 1958 ല്‍ പാര്‍ട്ടിയുടെ കേന്ദ്രസമിതിയില്‍ അംഗമായി.
1964 ല്‍ ദേശീയ ബൂര്‍ഷ്വാസിയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ച് നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ(മാര്‍ക്സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളില്‍ ഒരാളായിരുന്നു വി എസ്. 1985 ല്‍ സി പി ഐ (എം) പോളിറ്റ് ബ്യൂറൊ അംഗമായി. നിലവില്‍ കേന്ദ്രകമ്മിറ്റി പ്രത്യേക ക്ഷണിതാവാണ്.
പാര്‍ലമെന്‍ററി ജീവിതം
ആലപ്പുഴയിലെയും , കേരളത്തിലെയും നിരവധി നിര്‍ണ്ണായക തെരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇടത് മുന്നണിയെയും നയിക്കാനും പ്രതിനിധീകരിക്കാനും വി എസിന് സാധിച്ചു. സ്ഥാനാര്‍ത്ഥിയായും സ്ഥാനാര്‍ത്ഥിയുടെ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായും.
സ്വതന്ത്ര കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പു മുതല്‍ തന്നെ പാര്‍ലമെന്‍ററി രാഷ്ട്രീയ രംഗത്ത് സജീവമായി വി എസ് ഉണ്ടായിരുന്നു. പാര്‍ലമെന്‍റിലേക്ക് മത്സരിക്കുന്ന പി ടി പുന്നൂസ് ആലപ്പുഴയിലും, റോസമ്മ പുന്നൂസ് മൂന്നാറിലും നില്‍ക്കുമ്പോള്‍ ആലപ്പുഴ ജില്ലാസെക്രട്ടറിയായ വി എസായിരുന്നു വിജയശില്‍പ്പി.
1965-ലെ അസംബ്ലി ഇലക്ഷനില്‍ അമ്പലപ്പുഴയില്‍ നിന്നാണ് വി എസ് ആദ്യമായി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്നത്. കോണ്‍ഗ്രസിലെ കെ കൃഷ്ണകുറുപ്പിനോട് വി എസ് തോറ്റു. 1967 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ അച്യുതനെ 9515 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അമ്പലപ്പുഴയില്‍ നിന്നും വി എസ് അച്യുതാനന്ദന്‍ ആദ്യമായി നിയമസഭയിലെത്തി.
1970-ലും 77 ലും അമ്പലപ്പുഴയില്‍ വി എസിന് നേരിടേണ്ടി വന്നത് ആര്‍ എസ് പി യുടെ കുമാരപിള്ളയെ ആണ്. 1970-ല്‍ വിജയം വി എസിന് ഒപ്പമായിരുന്നു. എന്നാല്‍, അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള 1977 ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസ് പരാജയം അറിഞ്ഞപ്പോള്‍, കേരളം കോണ്‍ഗ്രസ് മുന്നണി തൂത്തുവാരി. വി എസ് അമ്പലപ്പുഴയില്‍ 5585 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പിന്നീട്, ഏറെക്കാലം വി എസ് തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് വിട്ടുനിന്നു.
1991 ല്‍ വി എസ് മാരാരിക്കുളത്ത് നിന്നു മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി സുഗതനെ 9980 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടായിരുന്നു വി എസിന്‍റെ പാര്‍ലമെന്‍ററി രംഗത്തേക്കുള്ള തിരിച്ചുവരവ് എന്നാല്‍ 1996 ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വി എസ് പരാജയപ്പെട്ടു.
2001 ല്‍ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു വിജയിച്ച വി എസ് പ്രതിപക്ഷ നേതാവായാണ് സഭയില്‍ തിരിച്ചെത്തുന്നത്. 2006 ല്‍ മലമ്പുഴയില്‍ നിന്ന് 20,017 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വി എസ് അച്യുതാനന്ദന്‍ കേരളത്തിന്‍റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി ചരിത്രത്തിലേയ്ക്ക് നടന്നുകയറി.
2011-ലും 2016 ലും വി എസിന്‍റെ മണ്ഡലം മലമ്പുഴ തന്നെയായിരുന്നു. ഇരുവട്ടവും മണ്ഡലത്തിലെ വോട്ടര്‍മാര്‍ അദ്ദേഹത്തെ പിന്തുണച്ചു. 2011-2016 കാലഘട്ടത്തില്‍ പ്രതിപക്ഷനേതാവായും, 2016 ഓഗസ്റ്റ് 9 മുതല്‍ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചു.
പാര്‍ട്ടിസെക്രട്ടറി
1980 മുതല്‍ 1992 വരെ തുടര്‍ച്ചയായി സി പി ഐ (എം) കേരള സംസ്ഥാന ഘടകത്തിന്‍റെ സെക്രട്ടറിയായിരുന്നു വി എസ്.
ദേശാഭിമാനി ചീഫ് എഡിറ്റര്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യാ മാര്‍ക്സിസ്റ്റ്-കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രവും കേരളത്തില്‍ മാധ്യമരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ദിനപ്പത്രവുമായ ദേശാഭിമാനിയുടെ പത്രാധിപരായി ഏഴു വര്‍ഷം പ്രവര്‍ത്തിച്ചു. മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക പ്രസിദ്ധീകരണമായിരുന്ന ചിന്തയുടെ പത്രാധിപരായിരുന്നു ദീര്‍ഘകാലം.