ജീവൻറേയും ജീവിതത്തിൻറേയും നൂൽപ്പാലത്തിലൂടെയാണ് മുല്ലപ്പെരിയാർ വിഷയം കടന്നുപോവുന്നത്. തമിഴ് നാടിന് ജലം, കേരള ജനതയ്ക്ക് ജീവിതം എന്ന പ്രമേയം കാലാകാലങ്ങളിൽ കേവല മുദ്രാവാക്യമായി നാം കൊണ്ടുനടക്കുന്നു. ഈ വിഷയത്തിൽ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞ രാഷ്ട്രീയ നേതാവാണ് വിഎസ്. കൃഷിയേയും പരിസ്ഥിതിയേയും ചേർത്തുപിടിച്ചുകൊണ്ടല്ലാതെ ദേശീയ തലത്തിൽ നദീജല തർക്കങ്ങൾക്ക് ശാശ്വതമായ പരിഹാരമുണ്ടാവില്ല എന്ന തൻറെ അഭിപ്രായം എല്ലാ വേദികളിലും അദ്ദേഹം ആവർത്തിച്ചു.
2006 ഫെബ്രുവരിയിൽ, മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജലനിരപ്പ് പരമാവധി 136 അടിയായി നിലനിർത്തണമെന്ന കേരളത്തിൻറെ ആവശ്യം തള്ളിക്കൊണ്ട് അണക്കെട്ടിൻറെ ഉയരം 142 അടിയായി ഉയർത്തണമെന്നും തുടർന്ന് 152 അടിയിൽ എത്തിക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഒരു ഫെഡറൽ സംവിധാനം നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് ഈ വിധി ഏകപക്ഷീയവും ആത്മഹത്യാപരവുമാണെന്നായിരുന്നു വിഎസ്സിൻറെ പ്രതികരണം. മാത്രവുമല്ല, ഈ കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറാനാവശ്യമായ നടപടികളെടുക്കണമെന്ന് വിഎസ് സർക്കാരിനോടും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയാവുന്നതിന് തൊട്ടു മുമ്പ്, 15-03-2006ന് അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് നിയമസഭയിൽ ഒരു പ്രസംഗം നടത്തുകയുണ്ടായി. വിഷയം മുല്ലപ്പെരിയാറായിരുന്നു. 1886ൽ തിരുവിതാംകൂർ മഹാരാജാവും സ്റ്റേറ്റ് ഫോർ ഇന്ത്യയും തമ്മിലുണ്ടാക്കിയ കരാറിൽ തുടങ്ങി, പാട്ടക്കരാറിൻറെ വിവിധ ലംഘനങ്ങൾ, പാട്ടക്കരാറിൻറെ സാധുത, സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ സർക്കാർ ചെയ്യേണ്ടിയിരുന്നതും ചെയ്യാതിരുന്നതുമായ കാര്യങ്ങൾ എന്നിങ്ങനെ ശാസ്ത്രീയമായും രാഷ്ട്രീയമായും വിഷയത്തെ സമീപിക്കുന്ന പ്രസംഗമായിരുന്നു, അത്. സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെട്ട രീതിയും അതിലേക്ക് നയിച്ച പിടിപ്പുകേടുകളും വിഎസ് വിശദീകരിച്ചു. "ജലനിരപ്പുയരുമ്പോൾ പരിസ്ഥിതിക്ക് നാശം ഉണ്ടാകില്ല എന്നും വന്യമൃഗങ്ങൾക്ക് ജലനിരപ്പുയരുമ്പോൾ ഗുണമാണെന്നുമുള്ള സുപ്രീംകോടതിയുടെ വിലയിരുത്തൽ അടിസ്ഥാനരഹിതവും അശാസ്ത്രീയവുമാണ്" എന്ന് വിഎസ് പറഞ്ഞു.
2006ൽ അധികാരത്തിലെത്തിയ ഉടനെ വിഎസ് ചെന്നൈയിൽ ചെന്ന് തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. കരുണാനിധിയെ കണ്ടു. അണക്കെട്ടിൻറെ കാര്യത്തിൽ തൽക്കാലം സ്റ്റാറ്റസ്കോ തുടരാൻ നടപടിയെടുക്കുകയും മുഖ്യമന്ത്രി തലത്തിൽ ചർച്ച നടത്തണമെന്നും കാണിച്ച് തമിഴ് നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. പ്രശ്‌നം വഷളാക്കാന്‍, വൈകാരികതയുണ്ടാക്കി സംഘര്‍ഷമുണ്ടാക്കാന്‍ ചിലരുടെ ഭാഗത്തു നിന്നും ഔദ്യോഗികവും അനൗദ്യോഗികവുമായി ചില നീക്കങ്ങളുണ്ടണ്ടായതിനെ തുടര്‍ന്നാണ് കത്തയച്ചത്. അണക്കെട്ട് സന്ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും എത്തുമ്പോള്‍ തടയുന്നതിനുള്ള ശ്രമം, സ്വീപ്പേജ് വാട്ടര്‍ പരിശോധിക്കാന്‍ നടത്തിയ ശ്രമം തടഞ്ഞത്. ജലനിരപ്പ് 142 അടിയാക്കാനുള്ള നീക്കം, അണക്കെട്ടിന്റെ പരിസരത്ത് തമിഴ്‌നാട് പോലീസിനെ വിന്യസിക്കുമെന്ന പ്രഖ്യാപനം, അണക്കെട്ടിനടുത്ത് പൂജനടത്തല്‍, ജലനിരപ്പുയര്‍ത്തണമെന്നാവശ്യപ്പെട്ട് റാലി നടത്താനുള്ള വൈക്കോയുടെയും മറ്റും നീക്കം - ഇങ്ങനെ അപക്വവും ഏകപക്ഷീയവും ധാര്‍ഷ്ഠ്യം നിറഞ്ഞതുമായ നടപടികളുണ്ടായപ്പോഴാണ് തികഞ്ഞ സംയമനത്തോടെ കരുണാനിധിക്ക് കത്തയച്ചത്.
കത്തുകളും യോഗങ്ങളും നടത്തുക മാത്രമല്ല, മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് ഒരു ത്രിമുഖ പ്രവർത്തന പദ്ധതിക്ക് രൂപം നൽകി.
പിന്നീട് ഈ വിഷയത്തെ ജനങ്ങൾ എങ്ങനെ സമീപിക്കണം എന്നു സൂചിപ്പിച്ചുകൊണ്ട് രണ്ടിലധികം ലേഖനങ്ങളെഴുതി. ആ വർഷം ഒക്ടോബറിൽ കാര്യത്തിൻറെ ഗുരുതരാവസ്ഥ സൂചിപ്പിച്ചും, ഇടപെടണമെന്ന് കാണിച്ചും പ്രധാനമന്ത്രി മൻമോഹൻസിങ്ങിനും കത്തയച്ചു. നവംബർ 29ന് കേരളവും തമിഴ് നാടുമായി ഒരു അന്തർസംസ്ഥാന ചർച്ച നടത്താനും വിഎസ് മുൻകയ്യെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് വിഎസ്സും ശ്രീ. എൻ.കെ. പ്രേമചന്ദ്രനും പങ്കെടുത്തു. തമിഴ് നാട് മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു. വിഎസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ മിക്കതും നിരാകരിക്കാൻ തമിഴ് നാടിനായില്ല.
വൈകാതെ തന്നെ രണ്ടു സംസ്ഥാനത്തെയും വകുപ്പ് മന്ത്രിമാരുടെ ചര്‍ച്ച കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തണമെന്ന തീരുമാനത്തോടെയാണ് യോഗം അവസാനിച്ചത്. അതനുസരിച്ച് മന്ത്രിതല ചര്‍ച്ച ദില്ലിയില്‍ നടന്നു. നല്ല തയ്യാറെടുപ്പോടെ തന്നെ കേരള ജലവിഭവമന്ത്രി യോഗത്തില്‍ പങ്കെടുത്ത് സംസ്ഥാനത്തിന്റെ ആവശ്യം അടിവരയിട്ട് പറഞ്ഞു. പുതിയ ഡാം കെട്ടണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. ഡാം സുരക്ഷാ അതോറിറ്റിയിലെ വിദഗദ്ധര്‍ മുല്ലപ്പെരിയാര്‍ ഡാമും പരിസരവും പരിശോധിച്ച് പുതിയ ഡാം പണിയുന്നതിനുള്ള സ്ഥലവും സാദ്ധ്യതകളുമൊക്കെ വിലയിരുത്തുകയും മുഖ്യമന്ത്രി, ജലവിഭവമന്ത്രി, ചീഫ്‌സെക്രട്ടറി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വിശദചര്‍ച്ച നടത്തി ധാരണയിലെത്തുകയും ചെയ്തിരുന്നു. അതിനുശേഷമാണ് മന്ത്രിതല ചര്‍ച്ചയില്‍ മന്ത്രി പ്രേമചന്ദ്രന്‍ കേരളത്തിന്റെ ഖണ്ഡിതമായ നിലപാട് അവതരിപ്പിച്ചത്. അതിന് മുമ്പായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് രാജ്യത്താണ്ടകമാനം, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ വ്യാപകമായി പ്രചരിപ്പിക്കാനും നമുക്ക് കഴിഞ്ഞു.
പക്ഷെ, രാഷ്ട്രീയ കാരണങ്ങളാൽ, തമിഴ്നാട് തീരുമാനങ്ങളിൽനിന്ന് പിറകോട്ട് പോയി. വീണ്ടും കേസുമായി കോടതിയെ സമീപിക്കുമെന്ന് ശ്രീ. കരുണാനിധി പ്രഖ്യാപിച്ചു. പണ്ട്, ശ്രി. എം.ജി രാമചന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ. ചരൺസിങ്ങിനയച്ച കത്തിൽ വ്യക്തമാക്കിയത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിൽനിന്നും വർധിപ്പിക്കുകയില്ല എന്നായിരുന്നു. പ്രായോഗികവും സൌഹൃദപൂർണവുമായിരുന്നു, അന്ന് എംജിആർ സ്വീകരിച്ച നിലപാട്. കാലം മാറിയപ്പോൾ എംജിആറിൻറെ ശിഷ്യയും വൈക്കോയും നിലപാട് മാറ്റി. അതിനൊപ്പം നിൽക്കാനാണ് കരുണാനിധിയും ശ്രമിച്ചത്.
വടക്കുകിഴക്കൻ കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ, 2007 ഡിസംബർ 11ന് വിഎസ് വീണ്ടും ശ്രീ കരുണാനിധിക്ക് കത്തയച്ചു. 35 ലക്ഷം ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്നും, പുതിയ അണക്കെട്ടല്ലാതെ പരിഹാരമില്ലെന്നും, ഇക്കാര്യത്തിൽ മാനുഷിക പരിഗണന വേണമെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു, പ്രസ്തുത കത്ത്. പക്ഷെ, തമിഴ്നാട് ഈ വിഷയത്തെ രാഷ്ട്രീയമായിത്തന്നെ കൈകാര്യം ചെയ്യാനാണ് തീരുമാനിച്ചത്. മുല്ലപ്പെരിയാറിൽ കേന്ദ്ര വ്യവസായ സംരക്ഷണ സേനയെ വിന്യസിക്കണമെന്ന് കരുണാനിധി പ്രസ്താവനയിറക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്ന പതിവ് പത്രസമ്മേളനത്തിനു ശേഷം മാധ്യമ ലേഖകർ ഇക്കാര്യം വിഎസ്സിൻറെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ വിഎസ്സിൻറെ പ്രതികരണം ഇങ്ങനെയായിരുന്നു: "മുല്ലപ്പെരിയാറിൽ കേന്ദ്ര വ്യവസായ സുരക്ഷാ സേനയെ കാവൽ നിർത്തിയാൽ ഡാമിലെ വെള്ളം തടഞ്ഞു നിർത്താൻ അവർക്ക് കഴിയുമോ?"
2011 നവംബറിൽ വീണ്ടും ആശങ്കാജനകമാം വിധം മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു. കേരള സർക്കാരിന് പിന്തുണ അറിയിച്ചും, കേന്ദ്രത്തിൻറേയോ, തമിഴ് നാടിൻറേയോ സാമ്പത്തിക സഹായമില്ലാതെതന്നെ പുതിയ അണക്കെട്ടുണ്ടാക്കാൻ കേരളത്തിന് അനുമതി നൽകണമെന്ന് വിഎസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും കത്ത് നൽകി. ഈ വിഷയം ചർച്ച ചെയ്യുന്നതിനു വേണ്ടി അടിയന്തരമായി നിയമസഭ വിളിച്ചു ചേർക്കണമെന്നും വിഎസ് കത്തിൽ ആവശ്യപ്പെട്ടു.
ഇതിനിടെ ചപ്പാത്തിൽ ജനപ്രതിനിധികൾ സത്യാഗ്രഹമാരംഭിച്ചു. 30-11-2011ന് വിഎസ് മുല്ലപ്പെരിയാറിലേക്ക് തിരിച്ചു. വണ്ടിപ്പെരിയാറിൽ സ്ത്രീകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ശേഷം ചപ്പാത്തിൽ സമരം ചെയ്യുന്ന ജനപ്രതിനിധികളെ സന്ദർശിക്കുകയും പുതിയ അണക്കെട്ടിലൂടെ കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. തിരിച്ചെത്തയ ഉടനെതന്നെ, മുല്ലപ്പെരിയാർ അണക്കെട്ട് പരിസരത്തുണ്ടാവുന്ന ഭൂകമ്പങ്ങളെക്കുറിച്ചും, ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മൻമോഹൻസിങ്ങിന് വിഎസ് കത്തയച്ചു. കേരളത്തിൽനിന്നുള്ള എംപിമാർക്ക് നൽകിയ വാഗ്ദാനം പാലിക്കണമെന്നും പുതിയ ഡാം നിർമ്മിക്കാനാവശ്യമായ ഇടപെടലുകളും നിർദ്ദേശങ്ങളും ഉണ്ടാവണമെന്നും വിഎസ് കത്തിൽ സൂചിപ്പിച്ചു.
2011 ഡിസംബർ 7ന് വിഎസ് വണ്ടിപ്പെരിയാറിൽ നിരാഹാരം കിടന്നു. 116 വർഷങ്ങളായി തമിഴ്നാടിന് ജലം നൽകുന്ന കേരളത്തിലെ ജനങ്ങളെ കൊല്ലരുതെന്നാണ് വിഎസ് പ്രസംഗിച്ചത്. 9ന് മുല്ലപ്പെരിയാർ ദുരന്തം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പെരിയാറിൻറെ തീരത്ത് കേരളം മനുഷ്യമതിൽ തീർത്തു. വെള്ളം തരാം, ജീവൻ തരൂ എന്നായിരുന്നു പ്രതിഷേധ മുദ്രാവാക്യം. വണ്ടിപ്പെരിയാർ മുതൽ മറൈൻ ഡ്രൈവ് വരെ നീണ്ട മനുഷ്യമതിലിലെ മറൈൻഡ്രൈവിലെ അവസാന കണ്ണിയായിരുന്നു, വിഎസ്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ കേന്ദ്രം ഉടൻ അനുമതി നൽകണമെന്ന് സമാപന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വിഎസ് ആവശ്യപ്പെട്ടു.
ഒരു മുഖ്യമന്ത്രി ഏത് രീതിയിൽ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യണമെന്ന് വിഎസ്സിനൊരു ധാരണയുണ്ടായിരുന്നു. തമിഴ്നാടുമായി പതിനാല് കത്തുകളും മൂന്ന് കൂടിക്കാഴ്ച്ചകളും മുഖ്യമന്ത്രി എന്ന നിലയിൽ വിഎസ് നടത്തുകയുണ്ടായി. അന്തർസംസ്ഥാന പ്രശ്നമായതിനാൽ പ്രകോപനപരമായ പ്രതികരണങ്ങൾ വിഎസ് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട്, പുതിയ ഡാം എന്ന വാദം മുന്നോട്ടുവെക്കുമ്പോൾത്തന്നെ തമിഴ്നാടിന് ജലം എന്ന കാര്യം ആവർത്തിക്കുകയും ചെയ്തു.
അണക്കെട്ടായാലും എക്സ്‌പ്രസ് ഹൈവെയായാലും ദേശീയപാതയായാലും വ്യവസായശാലയായാലും അതിനെയൊക്കെ സുസ്ഥിര വികസനത്തിൻറെ നാലതിരുകൾക്കുള്ളിൽ തളച്ചിടാമോ എന്ന പരിശോധന നടത്തിയേ വിഎസ് നിലപാടുകളെടുത്തിരുന്നുള്ളു. സർദാർ സരോവർ അണക്കെട്ടിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് മേധാ പട്കർ 2017 ആഗസ്റ്റിൽ നിരാഹാരസമരം നടത്തിയപ്പോൾ വിഎസ് മേധയുടെ നിലപാടുകൾക്കൊപ്പമായിരുന്നു.
2015 സെപ്തംബറിൽ പെൺപിളൈ ഒരുമൈ നടത്തിയ എട്ടു ദിവസം നീണ്ട സമരവേദിയിലേക്ക് സ്വാഗതം ചെയ്യപ്പെട്ട കേരളത്തിലെ ഏക രാഷ്ട്രീയ നേതാവായിരുന്നു, വിഎസ്. പത്ത് മണിക്കൂറോളം സമരപ്പന്തലിൽ ചെലവിട്ട ശേഷം വിഎസ് തന്നെയാണ് ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ സമരക്കാരെ അറിയിച്ചതും സമരം അവസാനിപ്പിച്ചതും. കയ്യേറ്റക്കാരായ ടാറ്റയിൽനിന്നും പതിനാലായിരം ഏക്കർ ഭൂമി ഏറ്റെടുത്തത് നിങ്ങളുടെ പാർപ്പിടാവശ്യത്തിനും അനുബന്ധ സൌകര്യങ്ങൾക്കും നൽകി, നവീന മൂന്നാർ ഒരുക്കാനാണ് തൻറെ സർക്കാർ ശ്രമിച്ചത്. അടുത്ത എൽഡിഎഫ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കും - വിഎസ് പ്രഖ്യാപിച്ചു.
ഏതൊരു വികസന പദ്ധതിയെയും അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളുമായി തട്ടിച്ചു നോക്കാതെ പിന്തുണയ്ക്കാനാവില്ല എന്നതായിരുന്നു, വിഎസ്സിൻറെ നിലപാട്. മൂന്നാർ ഓപ്പറേഷൻറെയും പിന്നാമ്പുറ തത്വശാസ്ത്രങ്ങളിൽ ഈ പാരിസ്ഥിതികാവബോധം കാണാം. ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുന്ന പദ്ധതികളെയെല്ലാം വിഎസ് എതിർത്തുപോന്നിട്ടുണ്ട്. വളന്തക്കാട് പദ്ധതി, വിഴിഞ്ഞം പദ്ധതി, കൂടങ്കുളം എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു. മുല്ലപ്പെരിയാറും ആ ലിസ്റ്റിൽ ഒന്നു മാത്രം